English Français Español Русский العربية português हिन्दी বাংলা اردو More languages▾ Site Index

ചോദ്യം 2: സൂറ. തകാഥുർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

ഉത്തരം: സൂറത്തുൽ തകാഥുറിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങൾ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് വരേക്കും. നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും. പിന്നെയും നിസ്സംശയം നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും നിസ്സംശയം, നിങ്ങൾ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കിൽ ജ്വലിക്കുന്ന നരകത്തെ നിങ്ങൾ കാണുക തന്നെ ചെയ്യും. പിന്നെ തീർച്ചയായും നിങ്ങൾ അതിനെ ദൃഢമായും കണ്ണാൽ കാണുക തന്നെ ചെയ്യും. പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെ പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. (തകാഥുർ: 1-8)

വിശദീകരണം:

1- "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു." - അല്ലയോ ജനങ്ങളേ! സമ്പാദ്യവും സന്താനങ്ങളും കൊണ്ടുള്ള പെരുമ നടിക്കൽ നിങ്ങളെ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിച്ചിരിക്കുന്നു.

2- "നിങ്ങൾ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് വരേക്കും." - നിങ്ങൾ മരിക്കുകയും, നിങ്ങളുടെ ഖബ്റുകളിൽ സന്ദർശിക്കുകയും ചെയ്യുന്നത് വരെ.

3- "നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും." - അല്ലാഹുവിനുള്ള അനുസരണയിൽ നിന്ന് ഈ പൊങ്ങച്ചം നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ പാടില്ലായിരുന്നു. ഇതിൻ്റെ പരിണിതഫലം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

4- "പിന്നെയും നിസ്സംശയം നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും" - വീണ്ടും! നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

5- "നിസ്സംശയം, നിങ്ങൾ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കിൽ." - നിങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവർ ആണെന്നും, അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുമെന്നും നിങ്ങൾക്ക് ദൃഢമായ ബോധ്യമുണ്ടായിരുന്നെങ്കിൽ നിങ്ങളൊരിക്കലും സമ്പാദ്യവും സന്താനവും കൊണ്ട് പെരുമ നടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി മാറുമായിരുന്നില്ല. സത്യം!

6- "ജ്വലിക്കുന്ന നരകത്തെ നിങ്ങൾ കാണുക തന്നെ ചെയ്യും." - അല്ലാഹു സത്യം! നിങ്ങൾ അന്ത്യനാളിൽ നരകം കണ്ണു കൊണ്ട് വീക്ഷിക്കുക തന്നെ ചെയ്യും.

7- "പിന്നെ തീർച്ചയായും നിങ്ങൾ അതിനെ ദൃഢമായും കണ്ണാൽ കാണുക തന്നെ ചെയ്യും." - വീണ്ടും! നിങ്ങൾ നരകത്തെ -ഒരു സംശയവുമില്ലാത്ത വണ്ണം- നന്നായി കാണുക തന്നെ ചെയ്യും.

8- "പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെ പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും." - പിന്നീട് അല്ലാഹു നിങ്ങളോട് അന്നേ ദിവസം നിങ്ങൾക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹത്തെ കുറിച്ചും -ആരോഗ്യവും സമ്പാദ്യവും മറ്റുമെല്ലാം- ചോദിക്കുക തന്നെ ചെയ്യും.